ഏറ്റുമാനൂർ: പെണ്ണാർതോട്ടിൽ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് 90 വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഇന്നലെ വീണ്ടും വെള്ളം കയറി. ഒരാഴ്ചയോളമായി ഈ കുടുംബങ്ങൾ ദുരിതത്തിലാണ്.
പെണ്ണാർതോട്ടിലെ പായലും പോളയും പുല്ലും നീക്കം ചെയ്യാത്തതിനെത്തുടർന്ന് ഒഴുക്ക് നിലച്ചതാണ് നടയ്ക്കൽ പാലത്തിനു സമീപം മുതലുള്ള ഭാഗത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാക്കിയത്.
കഴിഞ്ഞ വർഷം ഇവിടെ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് തോട് ശുചിയാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ശുചീകരണം പ്രഹസനമായി മാറി. കഴിഞ്ഞ വർഷത്തെ അതേ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്.
ഒരു പ്രദേശത്തെ ജനത്തിന്റെ ദുരിതത്തിനു നേരേ പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പെണ്ണാർതോട്ടിലെ തടസം നീക്കുന്നതിന് നടപടിയായതായി പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തെത്തുടർന്ന് മന്ത്രി മോൻസ് ജോസഫ് പ്രശ്നത്തിൽ ഇടപെട്ടു.
മന്ത്രിയുടെ നിർദേശാനുസരണം മൈനർ ഇറിഗേഷൻ വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെണ്ണാർതോട്ടിലെ പായലും പോളയും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ അതിരമ്പുഴ പഞ്ചായത്തിൽ 9.5 ലക്ഷം രൂപയുടെയും നീണ്ടൂർ പഞ്ചായത്തിൽ 18 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ തോട് ശുചിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.